പാഠം - 21
കുട്ടികളുടെ ഉംറ
കൊച്ചു കുട്ടികളുമായി ഉംറക്കായി നാട്ടിൽ നിന്നും വിമാനത്തിൽ കയറി മീഖാത്തിൽ വെച്ച് ഉംറക്ക് ഇഹ്റാം കെട്ടാതെ മക്കയിൽ എത്തിയതിന് ശേഷം സൗകര്യം കിട്ടുമ്പോൾ കുട്ടിയെയുമായി ആഇശ പള്ളിയിൽ പോയി ഇഹ്റാം കെട്ടി മക്കത്ത് വന്ന് ഉംറ ചെയ്താൽ അത് ഉംറയാകും എന്ന ഒരു ധാരണ സാധാരണക്കാർക്ക് ഉണ്ട്. ഇത് തെറ്റായ ധാരണയാണ്. വലിയവരാകട്ടെ ചെറിയവരാകട്ടെ ഇബാദത് ഉദ്ദേശിച്ചു മക്കയിലേക്ക് യാത്ര ചെയ്താൽ മീഖാത് വിട്ടു കടക്കുന്നതിന് മുമ്പായി നിർബന്ധമായും ഇഹ്റാമിൽ പ്രവേശിച്ചിരിക്കണം.
ഇഹ്റാമിലല്ലാതെ മീഖാത് വിട്ട് കടന്നാൽ ഫിദ്യ നിർബന്ധമായി തീരുന്നതാണ്.
പ്രായപൂർത്തി എത്താത്ത മക്കളുമായി ഉംറക്ക് പോകുകയാണെങ്കിൽ ആ കുട്ടിയുടെ ഉംറയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാലിക്കേണ്ടത് പിതാവിൻറെ ഉത്തരവാദിത്വത്തിൽ പെട്ടതാണ്. വകതിരിവായ കുട്ടികളാണെങ്കിൽ ഇഹ്റാം, ത്വവാഫ്, സഅ്യ് എന്നിവ പിതാവിൻറെ അനുവാദത്തോടെ അവരെക്കൊണ്ട് തന്നെ സ്വന്തമായിട്ട് ചെയ്യിക്കാവുന്നതാണ്. വകതിരിവാകാത്ത കുട്ടിയാണെങ്കിൽ ഇവയുടെ ശർത്തുകളും മറ്റും പാലിച്ചു കൊണ്ട് അവരെക്കൊണ്ട് തന്നെ ചെയ്യിക്കുവാൻ സാധിക്കുമെങ്കിൽ ചെയ്യിക്കാവുന്നതാണ്.
അതിന് സാധിക്കുകയില്ല എങ്കിൽ ആ കുട്ടിക്ക് വേണ്ടിയും പിതാവ് തന്നെ ഇഹ്റാമിൽ പ്രവേശിക്കേണ്ടതും സ്വന്തത്തിൻറെയും കുട്ടിയുടെയും ത്വവാഫ്, പൂർത്തീകരിക്കേണ്ടതുമാണ്. പിതാവ് തൻറെ സ്വന്തം ത്വവാഫ് പൂർത്തിയാക്കിയതിന് ശേഷം കുട്ടിയേയും എടുത്തു കൊണ്ട് കുട്ടിയുടെ ഉംറയുടെ ത്വവാഫ് വലിയവർക്കുള്ളതായ എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് പൂർത്തിയാക്കിയതിന് ശേഷം ഇരുവരും സഅ്യും ചെയ്ത് മുടിയെടുത്ത് തഹല്ലുലാകേണ്ടതാണ്.
ത്വവാഫിൻറെ ശുദ്ധി, ഇടതുവശം കഅബയിലേക്ക് ആക്കൽ, ഏഴ് ചുറ്റ് തുടങ്ങി എല്ലാ കാര്യങ്ങളും കുട്ടിയിലും തന്നിലും പാലിക്കൽ പിതാവിൻറെ കടമയാണ്.
ചെറിയ കുട്ടികളെ വഹിച്ച് കൊണ്ട് ത്വവാഫ് ചെയ്യുന്നവർ അവരുടെ (കുട്ടികളുടെ) അടിവസ്ത്രത്തിൽ നജസ് ഇല്ലെന്ന് ഉറപ്പ് വരുത്തണം.
ചെറിയ കുട്ടികളെ ഉംറ ചെയ്യിപ്പിക്കുകയാണെങ്കിൽ അവരെ വഹിച്ച് കൊണ്ട് ത്വവാഫ് ചെയ്യുമ്പോൾ, വഹിക്കുന്നയാൾ ആദ്യം ത്വവാഫ് ചെയ്തിരിക്കണം. ഒരു ത്വവാഫ് രണ്ട് പേർക്കും കൂടി മതിയാവുകയില്ല. വകതിരിവായ കുട്ടികളാണെങ്കിൽ വീൽ ചെയറിൽ ഇരുത്തി തള്ളുകയാണെങ്കിൽ ഒരേ സമയത്ത് തന്നെ രണ്ട് പേർക്കും ത്വവാഫ് ചെയ്യാവുന്നതാണ്. നിയ്യത്ത് ഉണ്ടായിരിക്കണമെന്ന് മാത്രം. കുട്ടികളെ വഹിച്ച് കൊണ്ട് ത്വവാഫ് ചെയ്യുമ്പോൾ കുട്ടിക്ക് വുളു ചെയ്തു കൊടുക്കുന്നതോടൊപ്പം വഹിക്കുന്നയാൾക്കും വുളു ഉണ്ടായിരിക്കണം. കുട്ടിയുടെ ഇടത് ഭാഗം കഅബിയിലേക്കാവാനും , ഔറത്ത് മറക്കാനുമൊക്കെ പ്രത്യേകം ശ്രദ്ധിയ്ക്കണം. ചുരുക്കത്തിൽ വലിയവർ ത്വവാഫിൻറെ സമയത്ത് പാലിക്കേണ്ടെ എല്ലാകാര്യങ്ങളും കുട്ടികളിലും ശ്രദ്ധിയ്ക്കേണ്ടതുണ്ട്. വലിയ കുട്ടികൾ പോലും പാംപേഴ്സിൻറെ മറവിൽ വിശുദ്ധ ഹറമുകളിൽ കാഷ്ഠവും മൂത്രവും പേറി നടക്കുന്നത് ഹറമിൻറെ പവിത്രതയെ കളങ്കപ്പെടുത്തലാണ്.
വകതിരിവാകാത്ത കുട്ടികളെ ഒറ്റക്ക് വീൽ ചെയറിൽ ഇരുത്തി തള്ളിക്കൊണ്ട് ത്വവാഫ് ചെയ്താൽ സാധുവാകുകയില്ല. മറിച്ച് മാതാവിൻറെയോ മറ്റോ മടിയിൽ ഇരുത്തി തള്ളിക്കൊണ്ട് ചെയ്താൽ കുട്ടിയുടെയും മാതാവിൻറെയും തള്ളുന്നയാളുടെയും ത്വവാഫ് ഒരുമിച്ച് ലഭിക്കുന്നതാണ്. മാതാവിൻറെ മടിയിൽ ഇരിക്കുന്ന കുട്ടിയുടെ ഇടത് വശം കഅബയുടെ നേരെയാക്കി ഇരുത്തൽ വീൽ ചെയറിൽ മടിയിൽ ഇരുത്തുന്നയാൾ ശ്രദ്ധിക്കണം.
Post a Comment