പാഠം - 22
ഫിദ്‌യ - പ്രായശ്ചിത്വം

ഇഹ്‌റാമിൽ നിഷിദ്ധമായ കാര്യങ്ങൾ വല്ലതും ചെയ്യുകയാണെങ്കിൽ ഫിദ്യ അഥവാ പ്രായശ്ചിത്തം നൽകേണ്ടവയും അല്ലാത്തവയും ഉണ്ട്.  ഇവ നാലു വിധത്തിൽ തരം തിരിക്കാം.

1. കുറ്റമില്ല - പ്രായശ്ചിത്തം വേണ്ട .
 ഉദാഹരണം: പൊട്ടിയ നഖത്തിൻറെ പൊട്ടു ഭാഗം മാത്രം നീക്കൽ.

2. കുറ്റമാണ് - പ്രായശ്ചിത്തം വേണ്ട .
ഉദാഹരണം: വിവാഹം നടത്തൽ, അസഭ്യം പറയൽ മുതലായവ.   

3. കുറ്റമില്ല -  പ്രായശ്ചിത്തം വേണം.
ഉദാഹരണം: തലയിൽ മുറിവുണ്ടായി മരുന്ന് വെച്ച് കെട്ടേണ്ടി വരുക.

4. കുറ്റമാണ് - പ്രായശ്ചിത്തം വേണം. 
ഉദാഹരണം : അറിഞ്ഞുകൊണ്ട്  സുഗന്ധം പൂശുക, കുപ്പായം ധരിക്കുക.

ഇഹ്‌റാം ചെയ്തയാൾ കുപ്പായം ധരിക്കൽ, തല മറക്കൽ, സുഗന്ധം പൂശൽ മുതലായവ മറന്ന്‌ ചെയ്താൽ പ്രായശ്ചിത്തം വേണ്ട . അറിഞ്ഞു കൊണ്ട് ഇവ ചെയ്താൽ ഉള്ഹിയ്യത്തിന് പറ്റിയ ഒരു ആടിനെ അറുത്തു ഹറമിലെ ദരിദ്രർക്ക് വിതരണം ചെയ്യണം, ഇതാണ് അതിനുള്ള പ്രായശ്ചിത്തം.



മുടി നീക്കുക, നഖം മുറിക്കുക, എന്നിവ അറിഞ്ഞു ചെയ്താലും മറന്ന്‌ ചെയ്താലും പ്രായശ്ചിത്തം നിർബന്ധമായിത്തീരും. ഒരു മുടിയോ നഖമോ ആണ് പോയതെങ്കിൽ ഒരു മുദ്ദ് (650 ഗ്രാം) ഭക്ഷ്യ ധാന്യവും രണ്ട് എണ്ണമാണെങ്കിൽ രണ്ട്‌ മുദ്ദ് (1300 ഗ്രാം) ഭക്ഷ്യ ധാന്യവും പ്രായശ്ചിത്തമായി നൽകണം. മുടിയുടെയും നഖത്തിൻറെയും മൂന്നോ അതിലധികമോ ആണെങ്കിൽ മേൽപ്പറയപ്പെട്ടത്‌ പോലെയുള്ള ആടിനെ അറുത്തു കൊടുക്കണം. ഇതാണ് അതിനുള്ള പ്രായശ്ചിത്തം.

ആടിനെ അറുക്കുവാനുള്ള കഴിവില്ല എങ്കിൽ അര സ്വാഅ്‌ വീതം ഹറമിലെ ആറ് ദരിദ്രർക്ക് ധാന്യ വിതരണം നടത്തണം. ഒരു സ്വാഅ്‌ ഏകദേശം രണ്ടര കിലോഗ്രാം ആണ്. ആറ് ദരിദ്രർക്ക് അര സ്വാഅ്‌ വീതം ഏഴരക്കിലോ ഭക്ഷ്യ ധാന്യമാണ്  പ്രായശ്ചിത്തം ആയി നൽകേണ്ടത്. 

അതിനും സാധ്യമല്ല എങ്കിൽ മൂന്ന് ദിവസം നോമ്പ് പിടിക്കണം. നോമ്പ് ഹറമിൽ വെച്ചോ നാട്ടിൽ വെച്ചോ ആകാവുന്നതാണ്. എന്നാൽ അറവ്, ധാന്യ വിതരണം എന്നിവ മക്കയിൽ വെച്ച് തന്നെ നടത്തണം. അറവ്, ധാന്യവിതരണം, നോമ്പ് ഇവയിൽ ഏത് വേണമെങ്കിലും ഫിദ്യ അഥവാ  പ്രായശ്ചിത്തം ആയി ചെയ്യാവുന്നതാണ്.

ഇഹ്റാമിലുള്ള ലൈംഗീക ബന്ധം ഉംറയെ ഫസാദാക്കി കളയുന്നതാണ്. അറിഞ്ഞു കൊണ്ട് മനപ്പൂർവ്വം ചെയ്താൽ പ്രായശ്ചിത്തം ആയി അഞ്ച് വയസ്സായ ഒട്ടകത്തെ അറുത്തു ഹറമിലുള്ള ദരിദ്രർക്ക് ദാനം ചെയ്യണം. ഒട്ടകം കിട്ടാതെ വരുകയോ പണം  ഇല്ലാതെ വരുകയോ ചെയ്താൽ മാത്രം ഒരു മാടിനെ അറുക്കാവുന്നതാണ്. അതും സാധ്യമാകാതെ വന്നാൽ ഏഴ്‌ ആടുകളെ അറുത്ത് ദാനം ചെയ്യേണ്ടതാണ്.

അതിനും സാദ്ധ്യമാകാതെ വന്നാൽ ഒട്ടക വില കണക്കാക്കി ധാന്യം വിതരണം ചെയ്യുകയും, അതിനും കഴിയുന്നില്ലെങ്കിൽ ഒട്ടക വിലയ്ക്ക് കിട്ടാവുന്ന ധാന്യത്തിൻറെ അളവ് കണക്കാക്കി ഒരു മുദ്ദ് - നു ഒരു നോമ്പ് വീതം നോറ്റു വീട്ടുക.

ഉംറയിലാണെന്ന് ഓർമ്മയില്ലാതെയും ഹറാമാണെന്ന് അറിവില്ലാതെയും വേഴ്ച നടത്തിയാൽ ഉംറ നഷ്ടപ്പെടുകയോ പ്രായശ്ചിത്തം നിർബന്ധമാകുകയോ ഇല്ല.

Post a Comment

 
Top